അമരാവതി: ആന്ധ്രാപ്രദേശിൽ വിവിധ ജയിലുകളിൽ കഴിയുന്ന 55 വനിതാ തടവുകാരെ മോചിപ്പിക്കും. ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ട വനിതാ അന്തേവാസികളിൽ അഞ്ച് വർഷം ജയിൽവാസം പൂർത്തിയാക്കിയവരെ അടുത്തയാഴ്ച മോചിപ്പിക്കുമെന്ന് ആന്ധ്രാപ്രദേശ് സർക്കാർ അറിയിച്ചു.
“മനുഷ്യത്വപരമായ കാരണങ്ങളാൽ അഞ്ച് വർഷം ജയിൽവാസം പൂർത്തിയാക്കിയ ജീവപര്യന്തം തടവുകാരെ ഞങ്ങൾ മോചിപ്പിക്കുകയാണ്. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 147 സ്ത്രീകളിൽ 55 പേരെ ഇതിനായി തെരഞ്ഞെടുത്തു,” ആഭ്യന്തരമന്ത്രി എം. സുച്ചാരിത പറഞ്ഞു. രാജമുണ്ട്രി ജയിലിൽ നിന്ന് 21 പേരും കടപ്പയിൽ നിന്ന് 27 പേരും വിശാഖപട്ടണത്ത് നിന്ന് അഞ്ച് പേരും നെല്ലൂരിൽ നിന്നുള്ള അഞ്ച് തടവുകാരെയുമാണ് മോചിപ്പിക്കുന്നത്.
സ്ത്രീകൾ ജയിലിലാകുമ്പോൾ അവരുടെ കുടുംബത്തെ അത് വലിയ രീതിയിൽ ബാധിക്കാറുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ കുറ്റകൃത്യങ്ങൾ ചെയ്ത് തടവുശിക്ഷക്ക് വിധിക്കപ്പെട്ട സ്ത്രീകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നതിനായി അവർക്ക് പരിശീലനങ്ങൾ നൽകിയിരുന്നു. തയ്യൽ, സാരി പെയിന്റിംഗ്, ബേക്കറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കാൻ തടവുകാർക്ക് പരിശീലനം നൽകിയതായും മോചിപ്പിക്കുന്നതിന്റെ എല്ലാ വശങ്ങളും കണക്കിലെടുത്താണ് ഇവരെ വിട്ടയക്കുന്നതെന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
വനിതാ തടവുകാരുടെ മോചനത്തിനായി മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. ജയിൽ മോചിതരാകുന്ന വനിതാ അന്തേവാസികളിൽ ഭൂരിഭാഗവും ബിഎ പോലുള്ള വിദ്യാഭ്യാസ യോഗ്യതകൾ നേടിയവരാണ്. തടവുശിക്ഷയിൽ നിന്ന് മോചിതരായ ശേഷവും ഇവരെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.