അമരാവതി: പൊലീസ് സ്റ്റേഷനിലുണ്ടായ അതിക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിന് തീവെച്ചയാൾ പിടിയിൽ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ ഓംഗോൾ നഗരത്തിലാണ് സംഭവം.
ബുധനാഴ്ച പുലർച്ച ഓംഗോൾ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ കെട്ടിടത്തിലെ ജനൽ ചില്ലകൾ തകർത്തു. തുടർന്ന് പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് ആംബുലൻസിന് തീവെച്ചത്. സംഭവത്തിൽ ചെരുപ്പുകുത്തിയായ നെലാതുരി സുരേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ 2.45ഓടെ പൊലീസ് സ്റ്റേഷനിലെത്തിയ ഇയാൾ അക്രമം നടത്തുകയായിരുന്നു. കെട്ടിടത്തിലെ ജനൽ ചില്ലകൾ അടിച്ചുപ്പൊട്ടിച്ചു. പൊലീസ് തടയാൻ ശ്രമിച്ചപ്പോഴുണ്ടായ ഉന്തും തള്ളലിലും ഇയാൾക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ആംബുലൻസ് വിളിച്ചു.
ആശുപത്രിയിലേക്ക് പോകവെ വാഹനത്തിൽ ഉണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി പുറത്തിറക്കി, ആംബുലൻസിന് തീവെയ്ക്കുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ പിറകെയെത്തിയ പൊലീസുകാർ പിടികൂടുകയായിരുന്നു. പരിക്കേറ്റ ഇയാളെ പൊലീസുകാർ തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പൊലീസ് സ്റ്റേഷൻ അക്രമം, ആംബുലൻസിന് തീവെച്ചത് തുടങ്ങി രണ്ട് കേസുകളാണ് സുരേഷിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.