അമരാവതി: വിശാഖപട്ടണത്ത് സർക്കാർ ഡോക്ടറെ പൊലീസ് കയ്യേറ്റം ചെയ്ത സംഭവത്തിൽ ആന്ധ്ര ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മെയ് 16ന് നടന്ന സംഭവത്തിൽ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എട്ട് ആഴ്ചയ്ക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ കെ. സുധാകർ റാവുവിന്‍റെ പ്രസ്താവന കണക്കിലെടുത്താണ് കോടതി വിധി പ്രസ്താവിച്ചത്. മാനസികാരോഗ്യ ആശുപത്രി സന്ദർശിച്ച് സുധാകർ റാവുവിന്‍റെ മൊഴി രേഖപ്പെടുത്തണമെന്ന് വിശാഖപട്ടണം സെഷൻസ് ജഡ്ജിക്ക് കോടതി ബുധനാഴ്ച നിർദേശം നൽകിയിരുന്നു.
കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് എൻ 95 മാസ്കുകൾ നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനെതിരെ വിമർശനം ഉയർത്തിയതിന് നർസിപട്ടണത്തെ ഏരിയ ഹോസ്‌പിറ്റല്‍ സിവിൽ അസിസ്റ്റന്‍റ് സർജൻ സുധാകർ റാവുവിനെ രണ്ടുമാസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. മെയ് 16ന് അക്കയപാലേമിൽ റോഡിൽ ശല്യമുണ്ടാക്കി എന്നാരോപിച്ച് ഇയാളെ വിശാഖപട്ടണത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ നില മോശമായ അദ്ദേഹത്തെ കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ മാനസികാരോഗ്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു, അവിടെ അദ്ദേഹം സൈക്കോസിസിന് ചികിത്സയിലായിരുന്നു.