അമരാവതി: വിശാഖപട്ടണം വാതക ചോർച്ച സംഭവത്തിൽ അന്വേഷണ സംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാനുള്ള കാലാവധി ജൂൺ 22ലേക്ക് നീട്ടി. കൂടാതെ ചോർച്ചയെക്കുറിച്ച് അന്വേഷിക്കുന്ന ഹൈ പവർ കമ്മിറ്റിയിലേക്ക് നാല് അംഗങ്ങളെ കൂടി നാമനിർദേശം ചെയ്തു. മെയ് ഏഴിന് സംഭവിച്ച ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ എട്ടിനാണ് സമിതി രൂപീകരിച്ചത്.
ഭാരത സർക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള നാല് സാങ്കേതിക വിദഗ്ധരാണ് അന്വേഷണ സംഘത്തിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ളത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിങ് & ടെക്നോളജി ഡയറക്ടർ ജനറൽ എസ്.കെ നായക്, സി.പി.സി.ബി റീജിയണൽ ഡയറക്ടർ ഭരത് കുമാർ ശർമ്മ, ഡി.ജി.എഫ്.എ.എസ്.എൽ.ഐ ഡയറക്ടർ ജനറൽ ആർ.കെ എലങ്കോവൻ, ഡെറാഡൂൺ ഐ.ഐ.പി ഡയറക്ടർ അഞ്ജൻ റായ് എന്നിവരാണ് പുതുതായി സമിതിയിലേക്ക് ചേർന്നവർ.
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ ആർ.ആർ വെങ്കടപുരം ഗ്രാമത്തിലായിരുന്നു വാതക ചോർച്ച സംഭവിച്ചത്. എൽ.ജി പോളിമർസ് യൂണിറ്റിൽ നിന്നും സ്റ്റൈറീൻ എന്ന വാതകം ചോർന്ന് അനവധി ആളുകൾ മരിച്ചിരുന്നു.