അമരാവതി: ഡൽഹി സന്ദർശനത്തിനിടെ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്‌ചയിൽ ഇരുവരും ചർച്ച ചെയ്‌തു. 45 മിനിറ്റ് നേരം ചർച്ച നീണ്ടുനിന്നു. ഡൽഹി സന്ദർശനത്തിനിടെ രണ്ടാം തവണയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായും വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയും കൂടിക്കാഴ്‌ച നടത്തിയത്.
ആന്ധ്രാപ്രദേശ് വിഭജനം സംബന്ധിച്ച നിയമമനുസരിച്ച് സംസ്ഥാനത്തിന് കേന്ദ്ര ഫണ്ടുകൾക്ക് അർഹതയുണ്ടെന്ന് കൂടിക്കാഴ്‌ചയിൽ ജഗന്‍ മോഹന്‍ റെഡ്ഡി അമിത് ഷായോട് പറഞ്ഞു. വിഭജനത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ നിന്ന് സംസ്ഥാനം വളരെ കഷ്‌ടത അനുഭവിക്കുന്നുണ്ട്. നിലവിലെ കൊവിഡ് സാഹചര്യം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും റെഡ്ഡി പറഞ്ഞു. ആവശ്യമായ ഫണ്ടിന്‍റെ അഭാവമുണ്ടെന്നും പ്രതിസന്ധി നേരിടാൻ കേന്ദ്ര സഹായം നൽകണമെന്നും അദ്ദേഹം ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. ഡൽഹി സന്ദർശനം കഴിഞ്ഞ് ഇന്ന് മുഖ്യമന്ത്രി നിഗുണ്ടയിലേക്ക് ബ്രഹ്മോത്സവത്തിൽ പങ്കെടുക്കാനായി തിരിക്കും. തുടർന്ന് അദ്ദേഹം തിരുമലൈ ക്ഷേത്ര സന്ദർശനവും നടത്തും.