അമരാവതി: പാമ്പുകളോടുള്ള സ്നേഹവും പ്രകൃതി സംരക്ഷണവും ചേർന്നപ്പോൾ സ്വകാര്യ കമ്പനിയിൽ മുഴുവൻ സമയ ജോലിക്കൊപ്പം പാമ്പ് പിടിത്തക്കാരനായിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിൽ നിന്നുള്ള ഒരു യുവാവ്. ജംഗറെഡ്ഡിഗുഡെമിൽ നിന്നുള്ള ചഡലവാഡ ക്രാന്തി എന്ന യുവാവാണ് പാമ്പിനോട് കുട്ടിക്കാലം മുതലുള്ള സ്നേഹവും കൗതവും സൂക്ഷിച്ച് പാമ്പ് പിടിത്തക്കാരനായത്. ഒഴിവുസമയങ്ങളിൽ പാമ്പ് പിടിത്തം നടത്തുന്ന ക്രാന്തി ഏതാണ്ട് പതിനായിരത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
നാടിന്‍റെ പല ഭാഗത്ത് നിന്ന് ക്രാന്തിന് ഫോൺ വിളികൾ വരാറുണ്ട്. പാമ്പ് ഏതായാലും ക്രാന്തി വിളിപ്പുറത്തുണ്ടാകും. ഇതൊരു പ്രകൃതി സംരക്ഷണ മാർഗം കൂടിയാണ് ഇയാൾക്ക്. 'എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാനുള്ള അവകാശമുണ്ട്' എന്ന മന്ത്രം പിന്തുടർന്ന് അദ്ദേഹം പാമ്പുകൾക്കും പാമ്പിനെ പേടിക്കുന്നവർക്കും സംരക്ഷകനായി.
പാമ്പിനെ പിടികൂടിയാൽ അതിനെ കാട്ടിലേക്ക് അയക്കുകയോ വനപാലകർക്ക് കൈമാറുകയോ ചെയ്യും. പ്രദർശനങ്ങൾക്ക് ക്രാന്തി മുതിരാറില്ല. മാത്രല്ല പാമ്പ് പിടിത്തത്തിലും പാമ്പിനെ പറ്റിയും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ നിരവധി ക്ലാസുകളും ഈ ചെറുപ്പക്കാരൻ സംഘടിപ്പിച്ചിട്ടുണ്ട്. നിരവധി സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഇതൊരു പാമ്പ് പിടിത്തം ക്രാന്തിക്ക് വരുമാന മാർഗമല്ല.
പാമ്പിനെ പേടിക്കേണ്ട കാര്യമില്ലെന്നാണ് ക്രാന്തിയുടെ പക്ഷം. നമ്മുടെ പരിഭ്രാന്തി പാമ്പിനെ കൂടുതൽ അപകടകാരിയാക്കുമെന്നും ക്രാന്തി പറയുന്നു. മാത്രമല്ല മനുഷ്യന്‍റെ സുരക്ഷക്കായി പാമ്പിനെ കൊല്ലുന്നതും ശരിയല്ലെന്നാണ് ക്രാന്തി പറയുന്നത്. പാമ്പുകളോടുള്ള സ്നേഹത്താൽ സ്നേക്ക് സേഫ് സൊസൈറ്റി രൂപീകരിച്ചാണ് കഴിഞ്ഞ പത്ത് വർഷമായി ഇയാൾ അവബോധക്ലാസുകളും സംഘടിപ്പിക്കുന്നത്.