ഗാന്ധിനഗർ: കേന്ദ്ര ബഡ്ജറ്റിൽ ക്ഷീര മേഖലയ്ക്കായി ഉയർന്ന വിഹിതം മാറ്റിവയ്ക്കുമെന്ന് പ്രതീക്ഷക്കുന്നതായി അമുൽ മാനേജിംഗ് ഡയറക്ടർ. ഗുജറാത്തിലും രാജ്യത്തുമുള്ള ക്ഷീര കർഷർക്കായി സർക്കാർ ബഡ്ജറ്റിൽ നല്ലൊരു തുക മാറ്റിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റിൽ 2,900 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും ഇത്തവണ 45,000 രൂപയാണ് പ്രതീക്ഷിക്കുന്നതെന്നും അമുൽ മാനേജിംഗ് ഡയറക്ടർ ആര്‍.എസ് സോധി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ പ്രധാന സാമ്പത്തിക സ്രോതസാണ് ക്ഷീര കർഷകരും മൃഗസംരക്ഷണവും. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 4.6 ശതമാനമാണ് മേഖല സംഭാവന ചെയ്യുന്നത്. കാർഷിക മേഖലക്കെന്ന പോലെ ക്ഷീരകർഷകരെയും ആദായ നികുതി റിട്ടേണിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. അടുത്തിടെ കോർപ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചത് അമുലിനെപ്പോലുള്ള കമ്പനികളിലേക്ക് എത്തിയിട്ടില്ലെന്നും കോർപ്പറേറ്റ് നികുതിയുടെ 35 ശതമാനം നൽകുന്നത് തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യക്ക് പുറത്തുനിന്ന് പാൽപ്പൊടി ഇറക്കുമതി ചെയ്യുന്നത് ഇന്ത്യൻ കർഷകർക്കും പ്രാദേശിക ക്ഷീര വ്യവസായത്തിനും തിരിച്ചടിയാണ് ഉണ്ടാക്കുന്നതെന്നും അമുൽ മാനേജിംഗ് ഡയറക്ടർ അഭിപ്രായപ്പെട്ടു. 2020-21 സാമ്പത്തിക വർഷത്തേക്കുള്ള ബഡ‌്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമനാണ് അവതരിപ്പിക്കുന്നത്.