ലക്‌നൗ: ഉത്തർപ്രദേശിൽ കൊവിഡ് ബാധിതനായിരുന്ന രോഗിയുടെ വിവരങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറാത്തതിനെ തുടർന്ന് ഡോക്ടറെ സസ്‌പെൻഡ് ചെയ്തു. ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലെ ഡോക്‌ടറെയാണ് സസ്‌പെൻഡ് ചെയ്‌തത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടന്ന് മെറജുദ്ദീനെ (55) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഐസോലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന രോഗിയെ പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റി. അടുത്ത ദിവസം തന്നെ ഇയാൾക്ക് കൊവിഡുണ്ടെന്നും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഇയാൾ മരിക്കുകയും ചെയ്തു . അലിഗഡ് ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം കൂടിയായ ഈ കേസ് ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ പെടുത്താത്തതിനാലാണ് എഎംയു പ്രൊഫസർ ഡോ.അഞ്ജും ചുഗ്‌തായ്‌ക്കെതിരെ നടപടിയെടുത്തത്.
ഇതിന് പുറമെ പകർച്ചവ്യാധി നിയമത്തിന്‍റെയും ലോക്ക് ഡൗൺ ലംഘനത്തിന്‍റെയും അടിസ്ഥാനത്തിൽ, മെറജുദ്ദീന്‍റെ കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളെ നിരീക്ഷണത്തിലാക്കിയെന്നും സാമ്പിളുകൾ ശേഖരിച്ച് ഉടൻ തന്നെ പരിശോധനക്ക് അയക്കുമെന്നും അലിഗഡ് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്ര ഭൂഷൺ വ്യക്തമാക്കി. കൂടാതെ കഴിഞ്ഞ ദിവസം ജില്ലയിൽ രണ്ട് പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തിരുന്നു.