കൊൽക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനുവരിയിൽ സംസ്ഥാനത്ത് സന്ദർശനം നടത്തും. സംസ്ഥാന നേതാക്കളുമായുള്ള ആഭ്യന്തര കൂടിക്കാഴ്ചയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. കേന്ദ്രമന്ത്രി എല്ലാ മാസവും സന്ദർശനം നടത്തുമെന്നാണ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
സ്വാമി വിവേകാനന്ദന്‍റെ ജന്മവാർഷികമായ ജനുവരി 12, സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികമായ ജനുവരി 23 എന്നീ ദിവസങ്ങളിലൊന്നിൽ ഷാ ബംഗാൾ സന്ദർശിച്ചേക്കുമെന്ന് അമിത് ഷായുടെ ഓഫീസ് അറിയിച്ചു. രണ്ട് ദിവസം അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുമെന്നാണ് സൂചന.
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് 2021 പകുതിയോടെ നടക്കും. പശ്ചിമ ബംഗാൾ അസംബ്ലിയിലെ 294 സീറ്റുകളിൽ 200 എണ്ണമാണ് ബിജെപി ലക്ഷ്യമിടുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 18 പാർലമെന്‍റ് മണ്ഡലങ്ങൾ ബിജെപി നേടിയിരുന്നു. സംസ്ഥാനത്തെ ബിജെപിയുടെ എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു അത്.