ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ്-19 സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മന്ത്രിതല യോഗം വിളിച്ചു. ആഭ്യന്തര മന്ത്രാലയത്തിലാണ് യോഗം നടക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധന രേഖപ്പെടുത്തിയ ദിവസമായിരുന്നു ശനിയാഴ്ച. 3,630 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇന്നത്തേത് കൂടാതെ കഴിഞ്ഞ ഞായറാഴ്ചയും വ്യാഴാഴ്ചയും ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ അമിത് ഷാ യോഗം വിളിച്ചിരുന്നു.