അഹമ്മദാബാദ്: ഗാന്ധിനഗർ ലോക്സഭ മണ്ഡലത്തിലെ കൊവിഡ് സ്ഥിതി അവലോകനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വീഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ ഗാന്ധിനഗർ കലക്ടർ കുൽദീപ് ആര്യ, ജില്ലാ വികസന ഓഫീസർ (ഡിഡിഒ) ശാലിനി ദുഹാൻ, ഗാന്ധിനഗർ മുനിസിപ്പൽ കമ്മിഷണർ രതൻകൻവർ ഗാദ്വിചരൻ എന്നിവർ പങ്കെടുത്തു.
പ്രദേശത്തെ കെവിഡിന്‍റെ ഏറ്റവും പുതിയ വിവരങ്ങൾ അമിത് ഷാ ആരാഞ്ഞതായി യോഗത്തിന് ശേഷം കുൽദീപ് ആര്യ പറഞ്ഞു. കൊവിഡിന്‍റെ വ്യാപനത്തെക്കുറിച്ചും വ്യാപനം തടുക്കുന്നതിന് ഗാന്ധിനഗർ ഭരണകൂടം സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും അദ്ദേഹം ചോദിച്ചതായും കുൽദീപ് ആര്യ പറഞ്ഞു.
കൊവിഡിനെ പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണയോ കുത്തിവെപ്പുകളോ ടെസ്റ്റിംഗ് കിറ്റുകളോ പുതിയ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളോ ആവശ്യമുണ്ടെങ്കിൽ അദ്ദേഹവുമായി ബന്ധപ്പെടാൻ അമിത് ഷാ പറഞ്ഞതായും രോഗ ലക്ഷണം കാണിക്കുന്നവരിൽ റാപ്പിഡ് ടെസ്റ്റുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടതായും കലക്ടർ കുൽദീപ് ആര്യ പറഞ്ഞു.
സൻസാദ് ആദർശ് ഗ്രാമ യോജനയുടെ ഭാഗമായി ജൂലായ് 11 ന് ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിലെ അഞ്ച് ഗ്രാമങ്ങൾ തെരഞ്ഞെടുക്കുന്നതായി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഈ ഗ്രാമാങ്ങൾ സന്ദർശിച്ച് സമഗ്ര വികസനം നടത്തുന്നതിന് ആവശ്യമായ രൂപ രേഖ തയാറാക്കാൻ ഷാ ആവശ്യപ്പെട്ടതായും കുൽദീപ് ആര്യ പറഞ്ഞു.
ഈ ഗ്രാമങ്ങളിൽ വൈദ്യുതി കണക്ഷൻ നൽകുക, അടുത്തിടെ ഭർത്താവ് മരിച്ച സ്ത്രീകൾക്ക് വിധവ പെൻഷൻ നൽകുക തുടങ്ങിയ വ്യക്തിഗത ആനുകൂല്യങ്ങൾ വേഗത്തിലാക്കണമെന്ന് കേന്ദ്രമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും കുൽദീപ് ആര്യ പറഞ്ഞു.
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 934 കൊവിഡ് കേസുകളിൽ 590 എണ്ണം ഗാന്ധിനഗർ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തതെന്നും ആര്യ പറഞ്ഞു.