ബെംഗളൂരു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർണാടകയിൽ ഇന്ന് നടക്കുന്ന ബിജെപി ജനസേവക സമാപന ചടങ്ങിൽ പങ്കെടുക്കും. കൊവിഡ് ബാധിച്ച് മരിച്ച കേന്ദ്ര റെയിൽവേ സഹമന്ത്രി സുരേഷ് അംഗഡിയുടെ കുടുംബത്തിനെ സന്ദർശിച്ച് അനുശോചനമറിയിച്ച ശേഷം വൈകിട്ട് നാല് മണിക്കാണ് അമിത് ഷാ ജനസേവക സമാപന ചടങ്ങിലെത്തുന്നത്. ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ രണ്ടര ലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് വിവരം.
ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇന്ന് രാവിലെ 9.35ന് അമിത് ഷാ ബെലഗാവിലേക്ക് പുറപ്പെടും. 10.15ഓടെ കേന്ദ്രമന്ത്രി ബെലഗാവിലെ സാംബ്ര വിമാനത്താവളത്തിൽ എത്തും. ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലുള്ള കേരകലമട്ടി ഗ്രാമത്തിൽ നടക്കുന്ന പരിപാടിയിലും അദ്ദേഹം ഭാഗമാകും. നിരാനി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അമിത് ഷാക്കൊപ്പം സംസ്ഥാന മുഖ്യമന്ത്രി യെദ്യൂരപ്പ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ഡിവി സദാനന്ദ ഗൗഡ, ബിജെപി പ്രസിഡന്‍റ് നളിൻ കുമാർ കട്ടീൽ എന്നിവരും പങ്കുചേരും. ഇതിന് ശേഷമാണ് ആഭ്യന്തര മന്ത്രി, സുരേഷ് അംഗഡിയുടെ കുടുംബത്തെ കാണുന്നത്.
അമിത് ഷായുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി യെദ്യൂരപ്പ, കേന്ദ്രമന്ത്രി ഡിവി സദാനന്ദ ഗൗഡ തുടങ്ങിയവർ പങ്കെടുക്കുന്ന സംസ്ഥാന ബിജെപി കോർ കമ്മിറ്റി യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു.