ബെംഗളുരു: പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്നും മുസ്ലിങ്ങളെ ഭയപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. നിയമത്തെ എതിർക്കുന്നവർ ദലിത് വിരുദ്ധരാണെന്നും പ്രതിപക്ഷത്തിന്‍റെ എതിർപ്പ് വോട്ടു ബാങ്ക് ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിഷയത്തിൽ പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഥലവും തീയതിയും രാഹുൽ നിശ്ചയിച്ചോളൂ എന്നും അമിതാ ഷാ വെല്ലുവിളിച്ചു. കര്‍ണാടയിലെ ഹുബ്ബള്ളിയില്‍ സംഘടിപ്പിച്ച ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
രാഹുല്‍ ഗാന്ധി നിയമം പൂര്‍ണമായും വായിച്ചുനോക്കണം. നിയമത്തില്‍ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാന്‍ വകുപ്പുകളില്ല. എനിക്കും നിങ്ങൾക്കും ഒരേ അവകാശമാണ് രാജ്യത്തുള്ളത്. മൂന്ന് രാജ്യങ്ങളിലെ ന്യൂന പക്ഷങ്ങളെ സംരക്ഷിക്കുക മാത്രമാണ് നിയമത്തിലൂടെ ചെയ്യുന്നത്. നിയമത്തിനെതിരെ സമരം ചെയ്യുന്നതിനിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.