ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കടന്ന ചൈനീസ് ഗവേഷക കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. കഴിഞ്ഞ മാസം അവസാനത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിയ യു വാങ് എന്ന ചൈനീസ് കപ്പലിനെയാണ് ഇന്ത്യൻ നാവികസേന സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. അതിർത്തി സംഘർഷം നിലനിൽക്കെ ചൈനയുടെ നീക്കത്തെ അതീവ ഗൗരവതരമായാണ് കാണുന്നത്. ചൈനീസ് കപ്പൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചൈനയിലേക്ക് തിരികെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ചൈനയിൽ നിന്നുള്ള ഇത്തരം ഗവേഷണ കപ്പലുകൾ പതിവായി ഇന്ത്യൻ സമുദ്രമേഖലകളിൽ എത്താറുണ്ട്. ഇന്ത്യൻ സമുദ്ര പ്രദേശത്തെക്കുറിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ നേടാനാണ് ഇവയുടെ ശ്രമം. കഴിഞ്ഞ വർഷം ഡിസംബറിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ പോർട്ട് ബ്ലെയറിനടുത്തുള്ള ഇന്ത്യൻ മേഖലയിൽ ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ ഒന്ന് ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ സമുദ്ര നിരീക്ഷണം നടത്തിയ നാവികസേനയുടെ വിമാനങ്ങൾ കപ്പലിനെ കണ്ടെത്തുകയായിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന മേഖലകളെ കുറിച്ച് ചാരപ്പണി നടത്താനും ഇത്തരം കപ്പലുകൾ വിന്യസിക്കാറുണ്ട്.