ന്യൂസ് ഡെസ്ക്: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ ഉപരോധം കൂടുതല്‍ കര്‍ക്കശമാക്കാനൊരുങ്ങുകയാണ് അമേരിക്ക. നേരത്തെ ഇളവ് നല്‍കിയിരുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കും ഉടന്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും.
കഴിഞ്ഞ നവംബറിലാണ് ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിത്തുടങ്ങിയത്. ഇറാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നടപടി. എന്നാല്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ് നല്‍കിയിരുന്നു. ഈ രാജ്യങ്ങള്‍ക്കുള്ള ഇളവ് പിന്‍വലിക്കാനാണ് ട്രംപ് ഭരണകൂടം നീക്കം തുടങ്ങിയത്. മെയ് രണ്ട് മുതല്‍ ഉപരോധം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാലങ്ങളായി തുടരുന്ന അമേരിക്കന്‍ ഇറാന്‍ നയതന്ത്ര പോരാട്ടത്തിന്‍റെ ഭാഗമാണ് ഉപരോധ നടപടികളും. ഇറാന്റെ ആണവ പദ്ധതികള്‍ നിര്‍ത്തിവയ്പ്പിക്കാന്‍ അമേരിക്ക ശ്രമം ആരംഭിച്ചിട്ട് ഏറെക്കാലമായി. പ്രധാന വരുമാനമാര്‍ഗമായ അസംസ്കൃത എണ്ണയുടെ കയറ്റുമതി തടഞ്ഞ് ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കയുടെ പുതിയ നീക്കം.