ഡെറാഡൂൺ: വിനോദത്തിനായി വ്യക്തികള്‍ ഏതറ്റം വരെയും പോകും. ചിലര്‍ പോയ് മറഞ്ഞ യുഗത്തിലെ വസ്‌തുക്കൾ ശേഖരിക്കുന്നതില്‍ ഭ്രാന്തമായ ആവേശമുള്ളവരാണ്. മറ്റു ചിലരാകട്ടെ പൗരാണിക വസ്‌തുക്കളെ ജീവിത ശൈലിയുടെ ഭാഗമാക്കും.
കൗതുകകരമായ വസ്‌തുക്കൾ ശേഖരിക്കുന്നയാളാണ് ഡെറാഡൂൺ സ്വദേശിയായ അമര്‍ ദുനന്ത. ഒന്നാം ലോക മഹായുദ്ധകാലത്ത് ലേലം ചെയ്‌ത മേശയും ഇദ്ദേഹത്തിന്‍റെ ശേഖരത്തിലുണ്ട്. 20 ലക്ഷം രൂപയോളമാണ് മേശക്ക് പുരാവസ്‌തു വകുപ്പ് വിലയിട്ടത്. ഇത്തരം വസ്‌തുക്കൾ ശേഖരിക്കുന്നതിന് വേണ്ടി അമര്‍ ദുനന്ത വിദേശയാത്രകൾ നടത്താറുണ്ട്.
ലോകത്തെ ആദ്യ ക്യാമറകളിൽ ഒന്ന് അമറിന് സ്വന്തമായുണ്ട്. 'ജോര്‍ജ്' എന്നാണ് അതിന്‍റെ പേര്. ജോര്‍ജിന് പുറമെ ഏതാണ്ട് 100 വര്‍ഷം പഴക്കമുള്ള മാക്‌സ്, സീറോ ജെ, മെസ്‌ഡ്, പിന്‍ഹോള്‍, എ ക്യാമറ എന്നിങ്ങനെ ഇന്ന് ലഭ്യമല്ലാത്ത ഒട്ടേറെ ക്യാമറകളും ശേഖരണത്തിലുണ്ട്. യാത്രാ ചെലവുകളും മറ്റും കൂടുതലാണെങ്കിലും ക്യാമറകള്‍ കണ്ടെത്തുന്നതിനായി ഇദ്ദേഹം നിരവധി സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. തീരെ കുറഞ്ഞ വിലക്ക് വാങ്ങിയ ക്യാമറകൾക്ക് ഇപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ മൂല്യമുണ്ട്. അതേസമയം തനിക്ക് ഫോട്ടോഗ്രഫിയില്‍ താൽപര്യമൊന്നുമില്ലെന്നും അമര്‍ കൂട്ടിച്ചേർത്തു.
രാമായണത്തിന്‍റെ കൈയ്യെഴുത്തുപ്രതിയും ഇദ്ദേഹത്തിന്‍റെ പക്കലുണ്ട്. സാധാരണ എല്ലാവരും ഉപയോഗശൂന്യമെന്ന് കരുതുന്ന വസ്‌തുക്കളും അമര്‍ ശേഖരിക്കാറുണ്ട്. ഇവക്ക് ഇദ്ദേഹം പുതിയ രൂപം നൽകിയ ശേഷം തന്‍റെ പൂന്തോട്ടത്തിൽ സ്ഥാപിക്കുന്നു. ഈ വിനോദം തുടങ്ങിയിട്ട് ഏറെ കാലമായെന്ന് അമര്‍ പറയുന്നു. ഇതിനായി വീടിന്‍റെ ഒരു ഭാഗം തന്നെ ഇദ്ദേഹം മാറ്റി വെച്ചിരിക്കുകയാണ്. അടുത്ത തലമുറക്ക് ഇത്തരം വസ്‌തുക്കളുടെ മൂല്യം മനസിലാക്കാൻ ഒരു സമ്മാനം എന്ന നിലയില്‍ ഈ ശേഖരം നല്‍കാനാണ് ഇദ്ദേഹത്തിന്‍റെ ആഗ്രഹം.