ലക്‌നൗ: കോൺഗ്രസ് പ്രവർത്തകയും ആക്‌ടിവിസ്റ്റുമായ സദഫ് ജാഫറിനെതിരായ എഫ്ഐആർ റദ്ദാക്കിയ നടപടിയിൽ അലഹബാദ് ഹൈക്കോടതി വിശദീകരണം തേടി. അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബഞ്ചാണ് സിഎഎക്കെതിരെ പ്രതിഷേധിച്ച സദഫ് ജാഫറിന്‍റെ കേസിൽ യുപി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. ജയിലിൽ സദാഫിന് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ സജ്ജീകരിച്ച നടപടിയെയും കോടതി ചോദ്യം ചെയ്‌തു.
സദഫിന് വേണ്ടി അവരുടെ സുഹൃത്ത് നഹീദ് വർമ്മ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ജസ്റ്റിസ് ഷബീഹുൽ ഹസ്‌നെയ്ൻ, ജസ്റ്റിസ് വീരേന്ദ്ര കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് സൂപ്രണ്ട് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും സദഫിന് വേണ്ടി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ശുചിത്വപൂർണമായ അന്തരീക്ഷം, നല്ല വസ്‌ത്രങ്ങൾ, കട്ടിൽ, കിടക്ക തുടങ്ങിയ സൗകര്യങ്ങളും ആവശ്യപ്പെട്ടു. ഒപ്പം ജയലിൽ ലഭ്യമാകുന്ന സാഹചര്യത്തിനനുസരിച്ച് വീട്ടിൽ തയ്യാറാക്കുന്ന ആഹാരം നൽകാനും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 19നാണ് പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ച സദാഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മജിസ്റ്റീരിയൽ കോടതി റദ്ദാക്കിയതിന് ശേഷം സദഫ് ജാഫറിന്‍റെ ജാമ്യാപേക്ഷ ജില്ലാകോടതി പരിഗണിക്കാനിരിക്കുകയാണ്.