ലക്‌നൗ: സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താൻ ഉത്തർപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച തിയതി തള്ളി അലഹബാദ് ഹൈക്കോടതി. മെയ് മാസത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിച്ചത്. എന്നാല്‍ നിയമപ്രകാരം 2021 ജനുവരി 13 നകം പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവസാനിക്കേണ്ടതായിരുന്നുവെന്ന് കോടതി വിലയിരുത്തി.
അതേസമയം തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ജനുവരി 22 നകം തയാറാക്കിയിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാല്‍ സീറ്റുകള്‍ സംവരണം ചെയ്യുന്ന നടപടികള്‍ സംസ്ഥാന സർക്കാർ പൂര്‍ത്തിയാക്കിയിട്ടില്ല. റിസര്‍വേഷൻ സീറ്റുകള്‍ തീരുമാനിച്ച ശേഷം കഴിഞ്ഞ കുറഞ്ഞത് 45 ദിവസങ്ങള്‍ കൂടി ലഭിച്ചാല്‍ മാത്രമെ തെരഞ്ഞെടുപ്പ് നടത്താൻ കഴിയുകയുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയില്‍ ധരിപ്പിച്ചു.
അധികം വൈകാതെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഉത്തർപ്രദേശ് പഞ്ചായത്ത് രാജ് മന്ത്രി ഭൂപേന്ദ്ര സിങ് ചൗധരി ഡിസംബറിൽ പറഞ്ഞിരുന്നു. എന്നാല്‍ മാസം രണ്ട് കഴിഞ്ഞിട്ടും വിഷയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.