ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ എല്ലാ പ്രതികളെയും തിഹാര്‍ ജയിലിലേക്ക് മാറ്റി. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതികളിലൊരാളെ മണ്ഡോലി ജയിലില്‍ നിന്നും തിഹാറിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ബാക്കി മൂന്ന് പ്രതികളെയും നേരത്തെ തന്നെ തിഹാറിലേക്ക് മാറ്റിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി തിഹാര്‍ ജയിലിലെ തൂക്കുമരവും ജയിൽ അധികൃതർ പരിശോധിക്കുന്നുണ്ട്. അതേസമയം ബിഹാറിലെ തൂക്കുകയര്‍ നിര്‍മാണത്തിന് പേരുകേട്ട ബുക്‌സാര്‍ ജയിലിലെ അധികൃതരോട് ഈ ആഴ്‌ചാവസാനത്തോടെ തൂക്കുകയര്‍ തയ്യാറാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് വേണ്ടിയാണിതെന്ന് അഭ്യൂഹങ്ങളുണ്ട്.
2012 ഡിസംബർ 16ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ ഈ മാസം അവസാനം തൂക്കിലേറ്റുമെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതികളിലൊരാളായ വിനയ് ശർമ തന്‍റെ അനുമതിയില്ലാതെ അയച്ചതാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സമര്‍പ്പിച്ച ദയാഹര്‍ജി കഴിഞ്ഞയാഴ്‌ച പിന്‍വലിച്ചിരുന്നു.