ന്യൂഡൽഹി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലുള്ള ഓരോ ജില്ലകളും തരംതിരിച്ച് കൂടുതൽ കാര്യക്ഷമമായി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
ഇതിനായി എല്ലാ ജില്ലകളെയും കൊവിഡ് ഹോട്‌സ്പോട്ട്, നോൺ- ഹോട്‌സ്പോട്ട്, ഗ്രീൻ സോൺ എന്നിങ്ങനെ മൂന്നായി തിരിക്കും. ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ച ജില്ലകളെയാണ് ഹോട്‌സ്പോട്ട് ജില്ലകളിലുൾപ്പെടുത്തുക. ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ, ചീഫ് സെക്രട്ടറിമാർ, ഡിജിപിമാർ, ആരോഗ്യ സെക്രട്ടറിമാർ, കലക്‌ടർമാർ, എസ്‌പി, സിഎംഒ ഉദ്യോഗസ്ഥർ, മുനിസിപ്പൽ കമ്മിഷണർമാർ എന്നിവരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി വീഡിയോ കോൺഫറൻസും നടത്തിയിരുന്നു. കൊവിഡിനെതിരെ പ്രതിരോധ നടപടികൾ ഊർജിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.