ജൂൺ മൂന്നിന് അരുണാചലില്‍ കാണാതായ വ്യോമസേനയുടെ എഎൻ 32 വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വിമാനത്തിന്‍റെ ബ്ലാക് ബോക്സും കണ്ടെടുത്തിട്ടുണ്ട്. വിമാനം തകർന്നുവീണ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ചവരുടെ ബന്ധുക്കളെ വ്യോമസേന വിവരം അറിയിച്ചു. അസമിലെ ജോര്‍ഹാട്ടില്‍ നിന്ന് ജൂണ്‍ മൂന്നിനായിരുന്നു വിമാനം പുറപ്പെട്ടത്. വിമാനം കാണാതായതിന് ശേഷം എട്ട് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് അരുണാചലിലെ വടക്കന്‍ ലിപോയ്ക്ക് സമീപം വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പാലക്കാട് സ്വദേശി വിനോദ്, കൊല്ലം സ്വദേശിയായ അനൂപ് കുമാർ, എന്‍ കെ ഷെരില്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന മലയാളികള്‍. വ്യോമപാതയില്‍ നിന്ന് 16 മുതല്‍ 20 കിലോമീറ്റര്‍ മാറിയാണ് വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വ്യോമസേനയുടെ എം ഐ 17 ഹെലികോപ്റ്റര്‍ സംഘമാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.