ഷിംല: ഹിമാചൽ പ്രദേശിൽ ചൈനീസ് ഹെലികോപ്റ്ററുകൾ ഇന്ത്യൻ വ്യോമാതിർത്തി രണ്ടുതവണ ലംഘിച്ചതായി റിപ്പോർട്ട്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഹെലികോപ്റ്റർ ലാഹോൾ സ്‌പിതിയിലെ സുംഡോ പോസ്റ്റിലേക്കാണ് നുഴഞ്ഞുകയറിയത്. ഏപ്രിൽ 11നായിരുന്നു ആദ്യത്തെ നുഴഞ്ഞുകയറ്റം. രണ്ടാമത്തേത് ഏപ്രിൽ 20നും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. രണ്ട് സംഭവങ്ങളിലും ഒരു ചൈനീസ് ഹെലികോപ്റ്റർ സുംഡോക്ക് സമീപത്തുള്ള ഇന്ത്യയുടെ അന്താരാഷ്ട്ര അതിർത്തിയിൽ പറക്കുന്നതായി കണ്ടെത്തി.
ചൈനയുടെ നുഴഞ്ഞുകയറ്റം മനസിലാക്കിയതോടെ ഇന്ത്യൻ കരസേനയും ഇന്ത്യൻ ടിബറ്റ് ബോർഡർ പൊലീസും (ഐടിബിപി) ഹിമാചൽ പൊലീസും ലാഹോൾ, കിന്നൗര്‍ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഹിമാചൽ പ്രദേശിന്‍റെയും കേന്ദ്രത്തിന്‍റെയും സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളും ജാഗ്രത വർധിപ്പിച്ചു. ജനങ്ങളോട് ജാഗ്രതയോടെ ഇരിക്കാനും ഏജൻസികൾ ആവശ്യപ്പെട്ടു.
അതേസമയം, നുഴഞ്ഞുകയറ്റത്തെ കുറിച്ച് ആഭ്യന്തര, പ്രതിരോധ, വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. ചൈനയോട് ഇക്കാര്യത്തിൽ ആശയവിനിമയവും നടത്തി. നേരത്തെ, 2016 മാർച്ച് 16നും 2017 ഓഗസ്റ്റ് നാലിനും ഇടയിൽ ലാഹോളിലെ സുംഡോ പോസ്റ്റിനടുത്ത് സമാനമായ നുഴഞ്ഞുകയറ്റം ഉണ്ടായിട്ടുണ്ട്. വടക്കൻ സിക്കിമിൽ ഇന്ത്യയും ചൈനയും തമ്മിൽ ഈ മാസം ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. ഇതിൽ ഏതാനും സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. എന്നാൽ, പിന്നീട് ഈ പ്രശ്‌നം പരിഹരിച്ചിരുന്നു.