ലക്നൗ: രാജ്യത്ത് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അന്തരീക്ഷം നശിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആരോപിച്ചു. നേരത്തെ നോട്ട് നിരോധന കാലത്ത് ജനങ്ങളെ നീണ്ട നിരയിൽ നിര്‍ത്തി ഈ സര്‍ക്കാര്‍ ബുദ്ധിമുട്ടിപ്പിച്ചു. ഇപ്പോള്‍ ദേശീയ പൗരത്വ പട്ടിക മൂലം അവകാശങ്ങള്‍ക്കായി ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കേണ്ട അവസ്ഥയാണെന്നും യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. പൗരത്വ പ്രതിഷേധം സമാധാനപരമായി നടത്തണമെന്നും പ്രക്ഷോഭങ്ങൾക്കിടെ അക്രമത്തിൽ ഏർപ്പെടരുതെന്നും യാദവ് ജനങ്ങളോട് അഭ്യർഥിച്ചു.
സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുന്നു. ഇന്ന് സ്ത്രീകൾ സുരക്ഷിതരല്ല. തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുകയാണ്. കർഷകർ ദുരിതത്തിലാണ്. സമ്പദ്‌വ്യവസ്ഥയുടെ പേരിൽ ബിജെപി വഞ്ചിക്കുകയാണ്. ഈ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനായാണ് ദേശീയ പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നതെന്നും അഖിലേഷ് യാദവ് പറഞ്ഞു. നിരോധനാജ്ഞ മൂലം ഡിസംബർ 23ന് ചൗധരി ചരൺ സിങ്ങിന്‍റെ വാർഷികം ആഘോഷിക്കാൻ അനുവദിക്കാത്ത യോഗി ആദിത്യനാഥിന്‍റെ സര്‍ക്കാരിനെതിരേയും അഖിലേഷ് യാദവ് ആഞ്ഞടിച്ചു.