ലക്നൗ വിമാനത്താവളത്തില്‍ അധികൃതര്‍ തടഞ്ഞുവച്ചതായി സമാജ് വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രത്യേക വിമാനത്തില്‍ അലഹബാദിലേക്ക് പോകാനെത്തിയ അഖിലേഷ് വിമാനത്തില്‍ കയറാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. തുടർന്ന് അധികൃതരുമായി രണ്ട് മണിക്കൂറോളം തര്‍ക്കിച്ചശേഷം മടങ്ങേണ്ടി വന്നുവെന്നും അഖിലേഷ് ട്വിറ്ററിൽ കുറിച്ചു. പ്രയാഗ് രാജിൽ അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയന്‍റെ സത്യപ്രതിജ്ഞാ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അഖിലേഷ് യാദവ് വിമാനത്താവളത്തിലെത്തിയത്. സമാജ് വാദി പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഛാത്ര സഭയാണ് യൂണിയൻ നിയന്ത്രിക്കുന്നത്.
ഉത്തർപ്രദേശ് സർക്കാർ ഭയം മൂലമാണ് തന്നെ വിമാനത്താവളത്തിൽ തടഞ്ഞതെന്നും അത്രമാത്രം അവർ തന്നെ ഭയപ്പെടുന്നുവെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്നാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് അലഹബാദ് യൂണിവേഴ്സിറ്റി അധികൃതർ അഖിലേഷിന് പരിപാടി നിഷേധിച്ചതെന്നും ക്രമസമാധാനം പാലിക്കാനാണ് തടഞ്ഞതെന്നും പൊലീസും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു.
സമാജ്‌വാദി പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെത്തുകയും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. പ്രതിഷേധിച്ച സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി. അഖിലേഷ് യാദവിന്‍റെ സന്ദർശനത്തിനെതിരെ എബിവിപി യൂണിവേഴ്സിറ്റി ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അഖിലേഷിനെ തടഞ്ഞത് ജനാധിപത്യവിരുദ്ധ നടപടിയാണെന്ന് വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. എസ്.പി - ബി.എസ്.പി സഖ്യത്തെ ഭയക്കുന്നതുകൊണ്ടാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ ആരോപിച്ചു. അഖിലേഷ് യാദവിനെ ഉദ്യോഗസ്ഥര്‍ തടയുന്ന ചിത്രങ്ങള്‍ അദ്ദേഹം തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടു. തന്‍റെ ദേഹത്തു നിന്ന് കൈയെടുക്കാന്‍ അഖിലേഷ് ചില ഉദ്യോഗസ്ഥരോട് പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
![undefined](https://s3.amazonaws.com/saranyu-test/etv-bharath-assests/images/ad.png)