ന്യൂഡൽഹി: ടെലികോം ഓപ്പറേറ്റർ ഭാരതി എയർടെൽ പ്രീ പെയ്‌ഡ് ഉപഭോക്താക്കളുടെ കുറഞ്ഞ റീചാർജ് തുക 23 രൂപയിൽ നിന്ന് 45 രൂപയായി ഉയർത്തി. സേവനങ്ങൾ ലഭിക്കുന്നതിന് ഓരോ 28 ദിവസത്തിലും 45 രൂപയോ അതിൽ കൂടുതലോ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് കമ്പനി പൊതു അറിയിപ്പിൽ പറഞ്ഞു. പുതിയ മിനിമം റീചാർജ് പദ്ധതി ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഭാരതി എയർടെൽ, ഭാരതി ഹെക്‌സാകോം എന്നിവയുടെ പ്രീപെയ്‌ഡ് വരിക്കാരെ സംബന്ധിച്ചാണ് പ്രഖ്യാപനം. റീചാർജ് കാലാവധി പൂർത്തിയായ സാഹചര്യത്തിൽ 15 ദിവസത്തിന് ശേഷം സേവനങ്ങൾ നിർത്തലാക്കുമെന്നും എയർടെൽ വ്യക്തമാക്കി.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കോളിനും ഡാറ്റയ്ക്കും തറ വില നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് എയർടെല്ലിന്‍റെ പ്രഖ്യാപനം. കോളുകൾക്കും ഡാറ്റയ്ക്കുമായി തറ വില നിശ്ചയിക്കാൻ ഓപ്പറേറ്റർമാർ നയ നിർമാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. ടെലികോം കോളും ഡാറ്റ നിരക്കുകളും നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ തറ വില നിശ്ചയിക്കുന്നത് സൗജന്യ ഡാറ്റാ സേവനങ്ങൾ നിർത്തലാക്കും. കോളുകൾക്കും ഡാറ്റക്കും തറവില നിശ്ചയിക്കുന്നത് ആയിരക്കണക്കിന് കോടി രൂപയുടെ ബാധ്യതയുള്ള എയർടെൽ, വോഡഫോൺ, ഐഡിയ തുടങ്ങിയ ഓപ്പറേറ്റർമാർക്ക് ഇത് വലിയ സഹായമാകുമെന്ന് എയർടെൽ മേധാവി സുനിൽ ഭാരതി മിത്തൽ പറഞ്ഞു.