ന്യൂഡല്‍ഹി: കൊവിഡ് വൈറസ് പ്രതിസന്ധിയും ലോക്‌ഡൗണും കണക്കിലെടുത്ത് എയർടെല്‍ പ്രീപെയ്ഡ് പാക്കുകളുടെ കാലാവധി വർധിപ്പിക്കുന്നു. എട്ട് കോടിയിലധികം വരിക്കാരുടെ പ്രീപെയ്‌ഡ് പാക്കുകളുടെ കാലാവധി 2020 ഏപ്രില്‍ 17 വരെ നീട്ടുമെന്ന് ഭാരതി എയർടെല്‍ ടെലികോം അറിയിച്ചു. പായ്ക്കിന്‍റെ സാധുത തീർന്നാലും ഉപയോക്താക്കൾക്ക് അവരുടെ മൊബൈല്‍ നമ്പറുകളിലേക്ക് ഇൻകമിങ് കോളുകൾ ലഭിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു.
കൂടാതെ, ഈ 8 കോടി ഉപഭോക്താക്കളുടെ പ്രീ-പെയ്‌ഡ് അക്കൗണ്ടുകളിൽ 10 രൂപ അധിക ടോക്ക് ടൈമും എയർടെൽ ക്രെഡിറ്റ് ചെയ്യും. ഇതിലൂടെ ഇവർക്ക് കോളുകൾ വിളിക്കാനും എസ്എംഎസ് അയക്കാനും കഴിയും. പ്രതിദിന വേതനകാർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമാണ് ഈ ഓഫർ കൂടുതല്‍ ഗുണം ചെയ്യുന്നതെന്നും കമ്പനി അറിയിച്ചു.
രാജ്യം കൊവിഡ് രോഗ ബാധയെ തുടർന്നുണ്ടായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജനങ്ങളൾക്ക് യാതെരു തടസങ്ങളുമില്ലാതെ ബന്ധങ്ങൾ നിലനിർത്തുന്നതിന് എയർടെല്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭാരതി എയർടെല്ലിന്‍റെ മാർക്കറ്റിങ് ചീഫ് ഓഫീസർ ശശ്വത് ശർമ പറഞ്ഞു. ലോക്‌ഡൗൺ മൂലം പ്രതിസന്ധിയായി സാധരണാക്കാരയ ദൈനംദിന വേതനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.