ശ്രീനഗര്‍: ഏറെനാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ശ്രീനഗര്‍ ജില്ലാ ഭരണകൂടം വിമാനടിക്കറ്റ് കൗണ്ടറുകള്‍ തുറന്നു. സിറ്റി ടൂറിസ്റ്റ് റിസപ്ഷൻ സെന്‍ററിലാണ് പുതിയ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകള്‍ തുറന്നിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ജമ്മു കശ്‌മീര്‍ ടൂറിസം വകുപ്പും സംയുക്തമായാണ് കൗണ്ടറുകളുടെ പ്രവര്‍ത്തനം നടത്തുക.
ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രീനഗറിലെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കൗണ്ടറുകള്‍ തുറന്നതെന്ന് ജമ്മു കശ്‌മീര്‍ ടൂറിസം ഡയറക്ടര്‍ നിസര്‍ അഹമ്മദ് വാനി പറഞ്ഞു. ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് ബിഎസ്എന്‍എല്ലും ടിക്കറ്റ് ബുക്കിങ്ങിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും എല്ലാവിധ സൗകര്യവും ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആറ് കൗണ്ടറുകളാണ് പുതിയതായി തുറന്നിരിക്കുന്നത്. താഴ്വാരത്തുള്ള പ്രമുഖ ട്രാവല്‍ ഏജന്‍സികളോട് ഉടൻതന്നെ കൗണ്ടറുകള്‍ തുറക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊതുജനങ്ങളില്‍ നിന്ന് ഈ തീരുമാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെക്കാലമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വിമാനത്താവളം വരെ പോകണമായിരുന്നുവെന്നും പുതിയ കൗണ്ടറുകള്‍ ഏറെ ആശ്വാസമാണെന്നും പ്രദേശവാസികള്‍ പറയുന്നു. വിമാനടിക്കറ്റിനോടൊപ്പം റെയില്‍വേ ടിക്കറ്റ് ബുക്കിങ് സൗകര്യവും ജില്ലാ ഭരണകൂടം ഒരുക്കണമെന്നും അത് കൂടുതല്‍പേര്‍ക്ക് പ്രയോജനം ചെയ്യുമെന്നും പ്രദേശവാസികള്‍ പറയുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ 23 ദിവസമായി കശ്‌മീര്‍ ജനതയ്ക്ക് ആശയവിനിമയ മാര്‍ഗങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു.