ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ ബന്ധുക്കൾക്ക് 90,000 മുതൽ 10 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ച് എയർ ഇന്ത്യ.ഇടിവി ഭാരതിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന സ്ഥിരം ജീവനക്കാരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപയും, എയർലൈൻ നേരിട്ട് ഏർപ്പെടുത്തിയിരിക്കുന്ന സ്ഥിരകാല കരാർ ജീവനക്കാർക്ക് അഞ്ച് ലക്ഷം രൂപയും ഒരു വർഷം വരെ ജോലി ചെയ്ത ജീവനക്കാർക്ക് 90,000 രൂപയും നഷ്ടപരിഹാരം ലഭിക്കും.
കരാറുകാരൻ വഴിയോ കമ്പനികൾ വഴിയോ ജോലി ചെയ്യുന്ന ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കിൽ, അവരുടെ കുടുംബത്തിന് അല്ലെങ്കിൽ നിയമപരമായ അവകാശിക്ക് രണ്ട് മാസത്തെ മൊത്ത ശമ്പളത്തിന് തുല്യമായ തുക നൽകാനും തീരുമാനമായി.
നിലവിൽ കമ്പനിയിലെ നിരവധി ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മറ്റ് ചിലര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.ഈ സാഹചര്യത്തിലാണ് കമ്പനിയിൽ ജോലി ചെയ്യുന്ന ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചാൽ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചത്.
കൊവിഡ് കാലഘട്ടത്തിൽ മാത്രമേ നഷ്ടപരിഹാരം ബാധകമാകുവെന്നും 2020 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിലാണ് ഇത് പ്രാബല്യത്തിൽ വരുകയെന്നും ഇക്കാര്യങ്ങൾ വ്യക്തമാക്കി കമ്പനി അയച്ച കത്തിൽ പറയുന്നു.ഇതുവരെ 10 എയർ ഇന്ത്യ ജീവനക്കാർ കൊവിഡ് ബാധിച്ച് മരിച്ചതായും 200 സ്റ്റാഫുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായും കത്തിൽ പറയുന്നു.55 കോക്ക്പിറ്റ് ക്രൂ അംഗങ്ങൾക്ക് കൊവിഡ് ബാധിച്ചതായി പൈലറ്റ് യൂണിയനുകൾ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.
അസുഖങ്ങൾ ഉള്ള ജീവനക്കാർക്കും ഗർഭിണികൾക്കും കണ്ടെയിന്‍മെന്‍റ് സോണുകളിലെ ജീവനക്കാർക്കും 'വർക്ക് ഫ്രം ഹോം' നൽകുന്ന കാര്യം പരിഗണിക്കാമെന്ന് എയർ ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.