ന്യൂഡൽഹി: എയർ ഇന്ത്യയിലേക്ക് പുതിയ ജീവനക്കാരെ നിയമിക്കാനൊരുങ്ങുന്നു. ഫിനാൻസ്, മെഡിക്കൽ സർവീസ് ഡിപ്പാർട്ടുമെന്‍റുകളിലേക്കാണ് പുതുതായി ജീവനക്കാരെ നിയമിക്കുന്നത്. നിലവിലുള്ള ജീവനക്കാരെ പിരിച്ചു വിടുകയും ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതിനിടെയാണ് എയർ ഇന്ത്യയുടെ ഈ തീരുമാനം.
നിശ്ചിതകാല കരാർ അടിസ്ഥാനത്തിലാണ് എയർ ഇന്ത്യ അപേക്ഷ ക്ഷണിച്ചത്. മെഡിക്കൽ വിഭാഗത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ, മെഡിക്കൽ സീനിയർ അസിസ്റ്റന്‍റ് അടക്കമുള്ള തസ്‌തികകളിലേക്കും ഫിനാൻസിൽ ഡെപ്യൂട്ടി ചീഫ് ഓഫ് ഫിനാൻസ്, മാനേജർ-ഫിനാൻസ്, ഡെപ്യൂട്ടി മാനേജർ-ഫിനാൻസ് അടക്കമുള്ള തസ്‌തികകളിലേക്കുമാണ് എയർ ഇന്ത്യ അപേക്ഷ ക്ഷണിച്ചത്. 15 ദിവസത്തിനുള്ളിൽ അപേക്ഷ അയക്കണമെന്നാണ് എയർ ഇന്ത്യയുടെ പരസ്യം.
കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ചതെന്നായിരുന്നു എയർ ഇന്ത്യയുടെ വിശദീകരണം. എന്നാൽ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള തീരുമാനം എയർ ഇന്ത്യയുടെ വാദത്തെ തള്ളുന്നതാണ്.