ന്യൂഡൽഹി: ഡൽഹി-മുംബൈ വിമാനത്തിലെ യാത്രക്കാർ മോശമായി പെരുമാറിയ സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾക്കായി എയർ ഇന്ത്യ പാനൽ രൂപീകരിച്ചു. ജനുവരി രണ്ടിനാണ് സംഭവം നടന്നത്. സാങ്കേതിക തകരാർ മൂലം വിമാനം പുറപ്പെടാൻ താമസം നേരിട്ടതിനെ തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാരെ യാത്രക്കാർ കയ്യേറ്റം ചെയ്‌തെന്നാണ് ആരോപണം. വിമാനം ഏഴ് മണിക്കൂറിലധികം വൈകിയിരുന്നു. ചില യാത്രക്കാർ വിമാനത്തിന്‍റെ എക്‌സിറ്റ് ഡോർ ബലമായി തുറക്കാൻ ശ്രമിക്കുകയും ജീവനക്കാർക്ക് നേരെ ശബ്‌ദമുയർത്തുകയും ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് നാഷണൽ കാരിയർ നേരത്തെ തന്നെ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അതിന്‍റെ അന്തിമ റിപ്പോർട്ട് സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറലിനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഡൽഹി പൊലീസിനും സമർപ്പിച്ചിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി എയർ ഇന്ത്യാ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അശ്വിനി ലൊഹാനി വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയും എയർപോർട്ട് മാനേജരെയും വിളിപ്പിച്ചു. മോശമായി പെരുമാറിയ യാത്രക്കാർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടു.