ന്യൂഡൽഹി: എയർ ഇന്ത്യയിലെ അധികമായ ജീവനക്കാരെ കണ്ടെത്താനായി കമ്മിറ്റിക്ക് രൂപം നൽകി. ഇങ്ങനെ കണ്ടെത്തുന്ന ജീവനക്കാരെ ആറുമാസം മുതൽ അഞ്ച് വർഷം വരെയുള്ള കാലയളവിൽ ശമ്പളമില്ലാതെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം. കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന് ശേഷം എയർലൈൻ ആസ്ഥാനത്ത് നിന്നാകും അന്തിമ തീരുമാനം എടുക്കുക.
ജനറൽ മാനേജർ (പേഴ്‌സണൽ) കൺവീനർ, ജനറൽ മാനേജർ (ഫിനാൻസ്) അംഗം, ഡിപ്പാർട്ട്‌മെന്‍റൽ ഹെഡ്, റീജിയണൽ ഡയറക്‌ടർ (ആർഡി) പ്രതിനിധി എന്നിവരുൾപ്പെടുന്ന നാലംഗ കമ്മിറ്റിക്കാണ് എയർ ഇന്ത്യ രൂപം നൽകിയത്. നിലവിൽ എയർ ഇന്ത്യയിൽ 10,000ത്തോളം ജീവനക്കാരാണ് ഉള്ളത്. ജീവനക്കാരുടെ 20 ശതമാനം അലവൻസ് വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തിങ്കളാഴ്‌ച തീരുമാനിച്ചിരുന്നു. പുതുക്കിയ അലവൻസുകൾ ഏപ്രിൽ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരിക.