മുംബൈ: മഹാരാഷ്‌ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കർഷകരുടെ വാഹന ജാഥക്ക് നാളെ തുടക്കം. ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് വാഹന ജാഥ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ നാസിക്കിലെ ഗോൾഫ് മൈതാനിൽ നിന്നും ഡൽഹിയിലേക്കുള്ള വാഹന ജാഥ ആരംഭിക്കും. എഐകെഎസ് ദേശീയ പ്രസിഡന്‍റ് ഡോക്‌ടർ അശോക് ദവാലെ , ജെ.പി ജാവിദ്, കിസാൻ ഗുജ്ജർ, ഡോക്‌ടർ അജിത് നവാലെ എന്നിവരുടെ നേതൃത്വത്തിലാകും ജാഥ നടക്കുന്നത്. കേരളത്തിൽ നിന്നുള്ള രാജ്യസഭ എം.പി കെ.കെ രാഗേഷ് ജാഥയെ അഭിസംബോധന ചെയ്‌ത് സംസാരിക്കും.
ഛത്രപതി ശിവജി, മഹാത്മ ജ്യോതിഭ ഫൂലെ, ഡോ. ബാബാസാഹിബ് അംബേദ്‌കർ എന്നിവരുടെ സ്‌മാരകങ്ങളിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാകും വാഹന ജാഥക്ക് തുടക്കം കുറിക്കുക. അതേ സമയം തലസ്ഥാനത്ത് തുടരുന്ന കാർഷിക പ്രതിഷേധം 25 ദിനം പിന്നിട്ടു.