ന്യൂഡൽഹി: കൊവിഡ് ഭീതിയിൽ നിന്നും രാജ്യം പൂർവസ്ഥിതിയിലെത്തുന്നത് വരെ ജനറൽ വാർഡുകളിലെ ചികിത്സയും മറ്റ് മെഡിക്കൽ സഹായങ്ങളും സൗജന്യമായി നൽകുന്നത് തുടരുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വ്യക്തമാക്കി. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന (എബിപിഎംജെ)യിലും ബിപിഎൽ വിഭാഗത്തിലും ഉൾപ്പെടുന്നവർക്ക് ചികിത്സക്കായി പണം അടക്കേണ്ടതില്ല. അടിയന്തര സാഹചര്യങ്ങളിൽ പൊതു വാർഡുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന എല്ലാ രോഗികൾക്കും അവരുടെ പ്രവേശന ഫീസ് ഉൾപ്പടെയുള്ള കാര്യങ്ങൾ സൗജന്യമായിരിക്കും. പുറത്തുനിന്നും എംയിസിലേക്ക് മാറ്റുന്ന രോഗികളെയും പണം അടക്കേണ്ടതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ചികിത്സയിൽ തുടരുമ്പോൾ നൽകുന്ന മരുന്നുകൾ, ശസ്ത്രക്രിയകൾ, ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ അടുത്ത 14 ദിവസത്തേക്ക് ആവശ്യമായ മരുന്നുകൾ എന്നിവ ഉൾപ്പടെയുള്ളവ എബിപിഎംജെ പദ്ധതിയുടെ അടിസ്ഥാനത്തിൽ എയിംസിൽ നിന്ന് സൗജന്യമായി ലഭിക്കുമെന്ന് കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ രണ്ടു വിഭാഗങ്ങളിലും ഉൾപ്പെടാത്ത രോഗികൾക്ക് മരുന്നുകൾ, ശസ്ത്രക്രിയക്ക് ആവശ്യമായ ഉൽപന്നങ്ങൾ എന്നിവയും മറ്റും ലഭ്യമാകുന്നത് തുടരുമെന്നും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
ചരിത്രത്തിൽ ആദ്യമായാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്)ൽ ഒപിഡി സേവനങ്ങൾ നിർത്തിവക്കുന്നത്. മാർച്ച് 24 മുതലാണ് എയിംസിലെ ഒപിഡി സേവനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയതും. കൂടാതെ, അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും വിദഗ്‌ധ ചികിത്സകളും നിർത്തിവച്ചിരുന്നു. അതേ സമയം, ഒപിഡി സേവനങ്ങളും അടിയന്തര ശസ്ത്രക്രിയാ സേവനങ്ങളും ഉടനെ തന്നെ സുഗമമായി പുനരാംരഭിക്കുന്നതിനായി ഒരു രൂപരേഖ തയ്യാറാക്കാൻ എയിംസ് ഉപസമിതിയോട് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.