ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക്‌ഡൗണ്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ അവരുടെ രാജ്യത്ത് എത്തിക്കാൻ പ്രത്യേക സര്‍വീസുമായി എയർ ഇന്ത്യ. ഏപ്രിൽ നാലിനും ഏഴിനും ഇടയിൽ ഒന്നിലധികം പ്രത്യേക വിമാനങ്ങളാണ് ലണ്ടനിലേക്ക് സര്‍വീസ് നടത്തുക. ഏപ്രിൽ അഞ്ച്, ഏപ്രിൽ ഏഴ് തീയതികളിൽ മുംബൈ-ലണ്ടൻ റൂട്ടിലും എയര്‍ ഇന്ത്യ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വിരമിച്ചതിന് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ താൽക്കാലികമായി റദ്ദാക്കി. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര -അന്താരാഷ്ട്ര യാത്രാവിമാനങ്ങള്‍ ഏപ്രില്‍ 14 വരെ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.