തെലങ്കാന: ബഹ്‌റൈനിൽ നിന്ന് 175 ആളുകളുമായി എയർ ഇന്ത്യൻ എക്സ്പ്രസ് വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. ബഹ്‌റൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് IX 890 വിമാനമാണ് ചൊവ്വാഴ്ച രാത്രി 8.31ന് ഹൈദരാബാദ് എത്തിയത്. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഹൈദരാബാദ് എത്തിയ രണ്ടാമത്തെ വിമാനമാണിത്. എല്ലാ നടപടികളും പൂർത്തിയാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ അനുസരിച്ച് 14 ദിവസത്തെ ക്വാറന്‍റൈനായി യാത്രക്കാരെ നിയുക്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി.
എയ്‌റോബ്രിഡ്ജ് മുതൽ ടെർമിനൽ വരെ യാത്രക്കാർക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നു. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും 20-25 പേർ വീതമുള്ള സംഘങ്ങളായിട്ടാണ് പുറത്തെത്തിച്ചത്. ഓരോ യാത്രക്കാരുടേയും ശരീര താപനില പരിശോധിച്ചതിന് ശേഷം ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശ പ്രകാരം യാത്രക്കാരുടെ സംഘത്തെ ഇമിഗ്രേഷൻ ക്ലിയറൻസിലേക്ക് കൊണ്ടുപോയി. യാത്രക്കാരും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും തമ്മിൽ സമ്പർക്കം ഉണ്ടാകാതിരിക്കാൻ ഇമിഗ്രേഷൻ കൗണ്ടറിൽ ഗ്ലാസ് ഷീൽഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളം ക്രമീകരിച്ച പ്രകാരം ബാഗേജുകളും അണുവിമുക്തമാക്കി. വന്ദേ ഭാരത് മിഷന്‍റെ രണ്ടാം ഘട്ടത്തിലുള്ള ആദ്യ വിമാനം തിങ്കളാഴ്ച രാത്രി ഒമാനിൽ നിന്ന് 166 ആളുകളുമായി രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. ഹൈദരാബാദ് വിമാനത്താവളം വന്ദേ ഭാരത് മിഷന്‍റെ ആദ്യ ഘട്ടത്തിൽ ഒൻപത് വിമാനങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന 1500 ആളുകളെ മിഷന്‍റെ ഭാഗമായി ഇതുവരെ ഇന്ത്യയിൽ എത്തിച്ചു.