മുംബൈ: കുവൈത്തിലേക്കുള്ള എല്ലാ വിമാന സർവീസുകളും ഏപ്രിൽ 30 വരെ റദ്ദാക്കുമെന്ന് എയർ ഇന്ത്യ. സ്‌പെയിൻ, ഫ്രാൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കാനും എയർ ഇന്ത്യ തീരുമാനിച്ചു. കൊവിഡിനെ തുടർന്ന് ലോക രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും വിവിധ വിമാന കമ്പനികൾ റോം, മിലാൻ, സിയോൾ എന്നിവിടങ്ങളിലേക്കുള്ള സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് നീക്കം. ഏപ്രിൽ 30 വരെ കുവൈത്തിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു.
സിയോൾ (ദക്ഷിണ കൊറിയ), റോം, മിലാൻ (ഇറ്റലി) എന്നിവിടങ്ങളിലേക്കുള്ള സർവീസ് വെട്ടിക്കുറയ്ക്കൽ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ നിലവിൽ കുവൈത്തിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. പുതുക്കിയ ഫ്ലൈറ്റ് ഷെഡ്യൂൾ അനുസരിച്ച് നിലവിലുള്ള മൂന്ന് വിമാനങ്ങൾക്ക് പകരമായി ഏപ്രിൽ 30 വരെ ഡൽഹി-മാഡ്രിഡ്-ഡൽഹി റൂട്ടിൽ എയർ ഇന്ത്യ രണ്ട് വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂ. മാർച്ച് 17 നും ഏപ്രിൽ 28 നും ഇടയിൽ മൂന്നാമത്തെ വിമാനം റദ്ദാക്കപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
മാർച്ച് 13 മുതൽ ഏപ്രിൽ 15 വരെ നയതന്ത്രം, തൊഴിൽ എന്നിങ്ങനെയുള്ള ചില വിഭാഗങ്ങൾ ഒഴികെയുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കൂടാതെ ഡൽഹിക്കും പാരീസിനുമിടയിൽ നടക്കുന്ന ഏഴ് വിമാനങ്ങളിൽ നാല് സർവീസുകൾ റദ്ദാക്കി.ന്യൂഡൽഹിയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാന സർവീസുകളും മാർച്ച് 16 നും ഏപ്രിൽ 30 നും ഇടയിൽ മൂന്നായി കുറച്ചിട്ടുണ്ട്. മുംബൈ-ഫ്രാങ്ക്ഫർട്ട് സർവീസുകൾ മാർച്ച് 18 മുതൽ ഏപ്രിൽ 30 വരെ ആഴ്ചയിൽ രണ്ടുതവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.