ന്യൂഡല്‍ഹി: അഗസ്‌ത വെസ്റ്റ്‌ലാന്‍ഡ് വിവിഐപി സാമ്പത്തിക തട്ടിപ്പ് കേസില്‍ എമ്മാർ എംജിഎഫ് മുന്‍ എംഡി ശ്രാവണ്‍ ഗുപ്‌തക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് തെരച്ചില്‍ നടത്തി. ഡല്‍ഹി, ഗുര്‍ഗോണ്‍ തുടങ്ങി ഒമ്പത് സ്ഥലങ്ങളിലായാണ് ഇഡി റെയ്‌ഡ് നടത്തിയത്. 3600 കോടിയുടെ ഹെലികോപ്‌റ്റര്‍ ഇടപാട് കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് റെയ്‌ഡ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ പ്രകാരമാണ് നടപടിയെടുത്തതെന്ന് ഇഡി അധികൃതര്‍ വ്യക്തമാക്കി.
2016ലാണ് റിയല്‍ എസ്റ്റേറ്റ് കമ്പനി മുന്‍ എംഡിയായ ശ്രാവണ്‍ ഗുപ്‌തയെ കേസിലുള്‍പ്പെടുത്തിയത്. ഇടനിലക്കാരനായ ഗ്വിഡോ ഹാഷ്‌കെയുമായുള്ള ബന്ധം തെളിയിക്കാനായി ഇദ്ദേഹത്തെ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേസിലെ മറ്റ് പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് ബിസിനസുകാരനായ ഗുപ്‌തക്കെതിരെ നടപടിയാരംഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. എമ്മാറും എംജിഎഫും വര്‍ഷങ്ങള്‍ക്ക് മുന്‍പേ പിരിഞ്ഞെന്നും ശ്രാവണ്‍ ഗുപ്‌തക്ക് നിലവില്‍ എമ്മാറുമായി ബന്ധമില്ലെന്നും എമ്മാര്‍ ഇന്ത്യ വക്താവ് അറിയിച്ചു. എമ്മാര്‍ ഇന്ത്യ സര്‍ക്കാര്‍ ഏജന്‍സികളുടെ നടപടിയുമായി സഹകരിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.