അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസില്‍ മാപ്പുസാക്ഷിയായി മാറിയ രാജീവ് സക്സേന പട്യാല അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ കോടതിയില്‍ മൊഴി നല്‍കും. ഫെബ്രുവരി 27നാണ് തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് സക്സേന പട്യാല കോടതിയെ സമീപിച്ചത്. ഹര്‍ജിയെ തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് ഇയാളുടെ മൊഴിയെടുക്കണമെന്ന് കോടതി അറിയിച്ചു.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല തീരുമാനമെന്നും കേസിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും സക്സേന കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. തന്നെ മാപ്പുസാക്ഷിയാക്കണമെന്നും കേസുമായി ബന്ധപ്പെട്ട് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം തുറന്നുസമ്മതിക്കാമെന്നും സക്സേന കോടതിയെ ധരിപ്പിച്ചിരുന്നു.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്ടര്‍ ഇടപാടിലെ കൂട്ടുപ്രതികളിലൊരാളായ രാജീവ് സക്സേനയെ കഴിഞ്ഞ മാസമാണ് ദുബായിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയത്. ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മെട്രിക്സ് ഹോള്‍ഡിങ്സ് ഡയറക്ടറാണ് സക്സേന. കേസില്‍ പ്രതി ചേര്‍ത്തതോടെ സക്സേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സക്സേനയെ യുഎഇ ഇന്ത്യക്ക് കൈമാറിയത്.
വെസ്റ്റ്ലാൻഡ് ഇടപാടിന്‍റെ മറവില്‍ പല വിദേശ കമ്പനികളും കണക്കില്‍പ്പെടാത്ത കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കണ്ടെത്തല്‍.