ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി രാജീവ് സക്‌സേനയ്ക്ക് ഡിസംബർ 11 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. പ്രത്യേക ജഡ്ജി അരവിന്ദ് കുമാർ വീഡിയോ കോൺഫറൻസിലൂടെ നടത്തിയ വാദത്തിലാണ് ജാമ്യം അനുവദിച്ചത്. സന്ദീപ് ത്യാഗിക്കും ജാമ്യം നൽകിയിട്ടുണ്ട്. വ്യക്തിഗത ബോണ്ടും രണ്ട് ലക്ഷം രൂപ വീതവും നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അഗസ്റ്റ വെസ്റ്റ് ലാൻഡ് അഴിമതി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തെ തുടർന്നാണ് പ്രതികളെ കോടതി വിളിപ്പിച്ചത്.
വിഷയത്തിൽ കുറ്റാരോപിതർക്കെതിരെ നടപടിയെടുക്കാൻ മതിയായ വിവരങ്ങൾ സിബിഐയെ പ്രതിനിധീകരിച്ച് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ഡി. പി. സിംഗ് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻ പ്രതിരോധ സെക്രട്ടറിയും മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലുമായി പ്രവർത്തിച്ചിരുന്ന ശശി കാന്ത് ശർമയെ വിചാരണ ചെയ്യാൻ സിബിഐക്ക് അനുമതി ലഭിച്ചിട്ടില്ല. ഇയാളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി ലഭിച്ചാൽ പുതിയ കുറ്റപത്രം സമർപ്പിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
ദുബായ് ആസ്ഥാനമായുള്ള ബിസിനസുകാരനായ രാജീവ് സക്‌സേനയെ കഴിഞ്ഞ ജനുവരിയിൽ യുഎഇയിൽ നിന്ന് നാടുകടത്തിയിരുന്നു. കുംഭകോണവുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് കോടതി ജാമ്യം അനുവദിച്ചു.