ന്യൂഡൽഹി: കോടതി അനുവാദമില്ലാതെ ഇഡി-സിബിഐ ഉദ്യോഗസ്ഥർ തിഹാർ ജയിലിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടനിലക്കാരൻ ക്രിസ്റ്റൻ മിഷേൽ സമർപ്പിച്ച ഹർജി പ്രത്യേക കോടതി തള്ളി. തിഹാർ ജയിൽ സന്ദർശിച്ച ഇഡി, സിബിഐ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നിയമ വിരുദ്ധമായ പ്രവർത്തനങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നും പ്രതി സമർപ്പിച്ച അപേക്ഷ യോഗ്യതയില്ലാത്തതിനാൽ തള്ളിക്കളയുന്നുവെന്നും ജഡ്ജി അരവിന്ദ് കുമാർ പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്‌ലാൻഡ് അഴിമതി കേസിൽ മധ്യസ്ഥനെന്ന് സംശയിക്കുന്ന ക്രിസ്റ്റൻ മിഷേലിനെ ചുറ്റിപ്പറ്റി സിബിഐ- ഇഡി അന്വേഷണം നടക്കുകയാണ്. കോടതിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങാതെ ഏജൻസി ഉദ്യോഗസ്ഥരെ ജയിലിൽ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മിഷേൽ കോടതിയെ സമീപിച്ചിരുന്നു.
ഒക്ടോബർ 22ന് തിഹാറിലെ ബ്രിട്ടീഷ് കൗൺസിലറുടെ സന്ദർശന വേളയിൽ ഏജൻസി ഉദ്യോഗസ്ഥർ തന്‍റെ സാധനങ്ങൾ പരിശോധിച്ചതായി അദ്ദേഹം ആരോപിച്ചു. ഇതേതുടർന്ന് സന്ദർശനത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ ജയിൽ സന്ദർശനം നടത്തിയതെന്ന് ഏജൻസികൾ അറിയിച്ചു.