അമരാവതി: ആന്ധ്രയില്‍ മദ്യശാലകളുടെ എണ്ണം 15 ശതമാനം കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ലോക്ക് ഡൗണിനിടെ ആന്ധ്രയില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിലവില്‍ 3500 മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും 2934 ലേക്ക് ചുരുക്കാനാണ് നിര്‍ദേശം. മദ്യത്തിന്‍റെ വില 75 ശതമാനം കുത്തനെ കൂട്ടിയിട്ടും മദ്യശാലകള്‍ക്ക് മുന്നില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മദ്യശാലകള്‍ തുറന്ന മൂന്നാം ദിവസവും വലിയ തിരക്കാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെട്ടത്. സാമൂഹ്യ അകലം പോലും പാലിക്കാതെയാണ് ആളുകള്‍ തിങ്ങിക്കൂടിയത്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതിന് ശേഷം മദ്യശാലകളുടെ എണ്ണം 33 ശതമാനം കുറച്ചിരുന്നു. മദ്യവില്‍പനയ്‌ക്കുള്ള സ്വകാര്യ ഡീലര്‍മാരുടെ ലൈസന്‍സ് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു. മദ്യശാലകളുടെ എണ്ണം 4380ല്‍ നിന്നും 3500ലേക്ക് അന്ന് കുറച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ നിയന്ത്രിത ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്.