ശ്രീനഗർ: രാജസ്ഥാനിൽ കരസേനയുടെ കീഴിൽ ഒരു മാസത്തോളം നിരീക്ഷണത്തിലുണ്ടായിരുന്ന കശ്‌മീർ വിദ്യാർഥികളെ ശ്രീനഗറിലെത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ആദ്യ ബാച്ചിലെ 52 വിദ്യാർഥികളെ തലസ്ഥാന നഗരിയിൽ എത്തിച്ചതായും ശേഷിക്കുന്ന വിദ്യാർഥികളെ വരും ദിവസങ്ങളിൽ സ്വദേശത്ത് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 14ന് ശേഷം ഇറാനിൽ നിന്നും 300ഓളം വിദ്യാർഥികളെ കേന്ദ്ര സർക്കാർ ഇന്ത്യയിലെത്തിച്ചിരുന്നു. കശ്‌മീർ സ്വദേശികളായ ഇവരില്‍ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർഥികളാണ്. മഹാമാരിക്കെതിരെയുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി ഇവർ ജയ്‌സല്‍മറിലെയും ജോധ്പൂറിലെയും ആർമി വെൽനസ് സെന്‍ററിൽ നിരീക്ഷണത്തിലായിരുന്നു. ഇതിൽ ജയ്‌സല്‍മറിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 52 വിദ്യാർഥികളെയാണ് കശ്‌മീരിലെത്തിച്ചത്. ഇവരെ സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഹജ്ജ് ഹൗസിൽ പരിശോധനക്ക് കൊണ്ടുപോയതിന് ശേഷം വീടുകളിലേക്ക് അയക്കും.