ന്യൂഡൽഹി : ഡൽഹിയിലെ രോഹിണിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ രണ്ട് ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തു. ഗുലാം മുസ്തഫ എന്നയാളെ വ്യാഴാഴച്ച രാത്രിയോടെ അറസ്റ്റ് ചെയ്തതായി രോഹിണി ഡിസിപി എസ് ഡി മിശ്ര അറിയിച്ചു. മതിയായ പരിശീലനമില്ലെന്ന് പറഞ്ഞിട്ടും സ്ഥല ഉടമയായ ഗുലാം മുസ്തഫയും രൺബീർ എന്നയാളും മൂന്നു ദിവസത്തെ ശമ്പളം നൽകില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവരെ ടാങ്കിൽ ഇറക്കിയതെന്നും പൊലീസ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തൊഴിലാളികളുടെ വീട് സന്ദർശിച്ച് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡൽഹി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ അഞ്ച് തൊഴിലാളികൾ അബോധാവസ്ഥയിലായത് . തുടർന്ന് ഇവരെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവടെ ചികിത്സയിലിരിക്കെയാണ് രണ്ട് തൊഴിലാളികൾ മരണപ്പെട്ടത്.