ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്ര മേഖലയില്‍ നിരീക്ഷണം ശക്തമാക്കുന്നതിന് യുഎസില്‍ നിന്നും 10 ഡ്രോണുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. ഇതിനായി 1,300 കോടി രൂപയാണ് സര്‍ക്കാര്‍ വകമാറ്റിയിരിക്കുന്നത്. കപ്പലില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഡ്രോണുകള്‍ വാങ്ങാനാണ് അനുമതി. മുന്‍ കൂട്ടി പ്രോഗ്രാം ചെയ്‌ത് ആളില്ലാതെ പ്രവര്‍ത്തിക്കുന്ന ഏരിയല്‍ സംവിധാനത്തോടെയുള്ള ഡ്രോണുകളാണിവ. യുഎസില്‍ നിന്നും അത്യാധുനികമായ രണ്ട് പ്രിഡേറ്റര്‍ ഡോണുകള്‍ പാട്ടത്തിനെടുത്തതിന് പിന്നാലെയാണ് നടപടി.
ബൈ ഗ്ലോബല്‍ വിഭാഗത്തില്‍ തുറന്ന ലേലത്തിലൂടെ നാവിക സേനയ്‌ക്ക് ഡ്രോണുകള്‍ സ്വന്തമാക്കാം. നിരീക്ഷണം ശക്തമാക്കുന്നതിനും രഹസ്യാന്വേഷണത്തിനും ഈ ഡ്രോണുകള്‍ യുദ്ധകപ്പലുകളില്‍ വിന്യസിക്കാമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തിയോട് ബന്ധപ്പെട്ട ചൈനീസ് നീക്കവും നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പ്രതിരോധ മന്ത്രാലയം അനുവദിച്ച അടിയന്തര സംഭരണ അധികാരങ്ങള്‍ പ്രകാരമാണ് നാവിക സേന യുഎസില്‍ നിന്നും നിരീക്ഷണ ഡ്രോണുകള്‍ പാട്ടത്തിനെടുത്തത്. നവംബര്‍ പകുതിയോടെ ഡ്രോണുകള്‍ ഇന്ത്യന്‍ സാവിക സേനയുടെ ഭാഗമായി. 30 മണിക്കൂര്‍ തുടര്‍ച്ചയായി പറക്കാന്‍ ശേഷിയുള്ള അത്യാധുനിക ഡ്രോണുകളാണിവ.