ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം അരങ്ങേറുമ്പോള്‍ പൗരത്വ നിയമത്തില്‍ ഭേഗഗതി വരുത്തിയ കേന്ദ്ര സര്‍ക്കാരിന് നന്ദിയറിച്ച് അഫ്‌ഗാനിസ്ഥാനില്‍ നിന്നുള്ള സിഖുകാരായ കുടിയേറ്റക്കാര്‍. തൊണ്ണൂറുകളില്‍ അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ശക്‌തിപ്രാപിച്ചതോടെയാണ് ഇവര്‍ പാകിസ്ഥാന്‍ വഴി ഇന്ത്യയിലേക്കെത്തിയത്. ഇതുവരെ അഭയാര്‍ഥികളുടെ പട്ടികയിലായിരുന്ന ഇവര്‍ ഇനി ഇന്ത്യന്‍ പൗരന്‍മാരാകും. ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അഭയാര്‍ഥികളായ തങ്ങളെ സ്വീകരിക്കാന്‍ ഇന്ത്യ തയാറായതിന് അവര്‍ നന്ദി പറഞ്ഞു.
അഫ്‌ഗാനിസ്ഥാനില്‍ മികച്ച രീതിയില്‍ കച്ചവടം നടത്തിവന്നവരാണ് താലിബാന്‍റെ ഉയര്‍ച്ചയോടെ മേഖലയില്‍ നിന്ന് പിന്‍വാങ്ങി പാകിസ്ഥാന്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. ഇവരെ അന്താരാഷ്‌ട്ര അഭയാര്‍ഥികളായി പ്രഖ്യാപിച്ച ഐക്യരാഷ്‌ട്ര സഭ ഇവര്‍ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ പൗരത്വ നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. ഫലത്തില്‍ ഇവര്‍ ഇന്ത്യന്‍ പൗരന്‍മാരാകും. പുതിയ നിയമം അനേകര്‍ക്ക് നന്മ വരുത്തുന്നതാണെന്നും ആരും പ്രതിഷേധിക്കേണ്ട കാര്യമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. എണ്‍പതുകളിലും, തൊണ്ണൂറുകളിലും അഫ്‌ഗാനിസ്ഥാന്‍റെ സമ്പദ്‌വ്യവസ്ഥയില്‍ 25 ശതമാനം സംഭാവന നല്‍കിയ തങ്ങള്‍, വിശ്വാസത്തെയും കുടുംബത്തെയും സംരക്ഷിക്കാനാണ് രാജ്യം ഉപേക്ഷിച്ച് അഭയാര്‍ഥികളായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.