ബിജെപിയില്‍ ഒരു യുഗം അവസാനിക്കുകയാണ്. പതിനേഴാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് 184 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചപ്പോൾ മുതിർന്ന നേതാവായ എല്‍കെ അദ്വാനിക്ക് സീറ്റില്ല. അദ്വാനിയുടെ സിറ്റിങ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. ബിജെപിയുടെ മാർഗദർശക് മണ്ഡല്‍ അംഗം കൂടിയായ അദ്വാനിയെ ഒഴിവാക്കുമ്പോൾ ബിജെപിയുടെ ചരിത്രത്തില്‍ നിന്ന് നിന്ന് കൂടിയാണ് ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ഒഴിവാക്കപ്പെടുന്നത്. ആറ് തവണ ഗാന്ധിനഗറില്‍ നിന്നുള്ള എംപിയായിരുന്നു അദ്വാനി.
അതേസമയം, മറ്റൊരു മുതിർന്ന നേതാവായ മുരളീ മനോഹർ ജോഷിയുടെ കാര്യത്തിലും തീരുമാനം ആയിട്ടില്ല. ജോഷിയുടെ മണ്ഡലമായ കാണ്‍പൂരിലും ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രഥയാത്ര നടത്തി ബിജെപിയെ ഇന്ത്യയില്‍ അധികാരത്തില്‍ എത്തിക്കാൻ നേതൃത്വം നല്‍കിയ അദ്വാനി എബി വാജ്പേയിക്ക് ശേഷം പ്രധാനമന്ത്രി ആകും എന്നാണ് കരുതിയിരുന്നത്. പത്രപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്വാനി ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായിരുന്നു. പാർലമെന്‍റിലെ എല്ലാ സെഷനിലും കൃത്യമായി പങ്കെടുത്തിരുന്ന അദ്വാനി കഴിഞ്ഞ അഞ്ച് വർഷവും നിശബ്ദനായിരുന്നു. ലാല്‍കൃഷ്ണ അദ്വാനി എന്ന എല്‍കെ അദ്വാനിയുടെ പേര് സ്ഥാനാർഥികളുടെ ലിസ്റ്റില്‍ നിന്ന് 91ാം വയസില്‍ മാറ്റിനിറുത്തപ്പെടുമ്പോൾ ദീർഘകാലം പാർലമെന്റിലും ദേശീയ രാഷ്ട്രീയത്തിലും ബിജെപിയുടെ മേല്‍വിലാസം കൂടിയാണ് ഒഴിവാക്കപ്പെടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ പാർട്ടിയില്‍ കലഹത്തിന് ആഹ്വാനം ചെയ്തെങ്കിലും പ്രായം തടസമായ അദ്വാനി രാഷ്ട്രീയ വിസ്മൃതിയിലേക്ക് മടങ്ങുകയാണ്.