ന്യൂഡൽഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ സ്ഥാനമൊഴിയൽ കോൺഗ്രസിന് വലിയ നഷ്‌ടമെന്ന് മുതിർന്ന കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരി. സിന്ധ്യയെ ബിജെപി മന്ത്രിസഭ വാഗ്‌ദാനം നൽകി വശീകരിച്ച് പാർട്ടിയിൽ ചേർത്തതാണെന്ന് ചൗധരി ആരോപിച്ചു.
18 വർഷം കോൺഗ്രസിൽ പ്രവർത്തിച്ച സിന്ധ്യ പല ഉയർന്ന സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഈ രാജിവെയ്‌ക്കൽ കോൺഗ്രസിന് വലിയൊരു നഷ്‌ടമാണെന്നും മധ്യപ്രദേശ് സർക്കാരിന് വലിയൊരു തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സർക്കാരുകളെ അട്ടിമറിക്കാനുള്ള നയമാണ് ബിജെപിയുടേതെന്നും ചൗധരി കൂട്ടിച്ചേർത്തു.
കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ ബിജെപി ഭരിക്കുന്ന കർണാടകയിലെ റിസോര്‍ട്ടിലേക്ക് മാറിയിരുന്നു. ഇതോടെയാണ് സിന്ധ്യ ബിജെപിയിൽ ചേരുമെന്നുള്ള സൂചനകൾ പുറത്തുവന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രാജി സ്വീകരിക്കുകയും മന്ത്രിസഭ പുനർനിർമിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്. കമൽനാഥ് സർക്കാരിനെ താഴെയിറക്കുന്നതിനായി ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്ന് കോൺഗ്രസ് നേതാക്കള്‍ ആരോപിച്ചു.