പാട്‌ന: ബിഹാറിലെ മുസഫർപൂർ ജില്ലയിൽ മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികൾ മരിക്കുന്ന സംഭവത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ആരോഗ്യ മന്ത്രി മംഗൾ പാണ്ഡെ. ഉന്നതതല ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ മന്ത്രിയോട് മാധ്യമപ്രവർത്തകർ സംസ്ഥാനത്തെ ആരോഗ്യ അനിശ്ചിതത്വത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാതെ കാറിൽ കയറി പോകുകയായിരുന്നു മംഗൾ പാണ്ഡെ. സംസ്ഥാനത്ത് 173 കൂട്ടികളാണ് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്.
അതേസമയം കുട്ടികളെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീകൃഷ്ണ മെഡിക്കൽ കോളജിന്‍റെ പരിസരത്ത് നിന്നും അസ്ഥികൂടങ്ങള്‍ കണ്ടെത്തി. അവകാശികളില്ലാത്ത മൃതദേഹങ്ങൾ ആശുപത്രി വളപ്പിലാണ് സംസ്‌കരിക്കാറെന്നും അതിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചതിൽ 108 കുട്ടികളും ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന സംശയം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി വളപ്പിൽ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ മുസഫർപൂർ ജില്ല മജിസ്ട്രേറ്റ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.