മുംബൈ: അസം വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കാന്‍ അസം സ്വദേശിയും ബിഗ്ബോസ് മത്സരാര്‍ഥിയുമായ ദേവോലീന ഭട്ടാചാർജി. 73,000 രൂപയാണ് അസം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
"ഞാൻ 73,000 രൂപ അസം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്, ഈ വിഷമഘട്ടത്തോട് പോരാടുന്നതിന് കൂടുതൽ ആളുകൾ സർക്കാരിനെ പിന്തുണയ്ക്കണമെന്നാണ് എനിക്ക് തോന്നുന്നത്. അമ്മ എന്നെ പരിപാലിച്ചിരുന്ന പോലെ ഞാൻ അസമിനെ പരിപാലിക്കേണ്ടതുണ്ട്. അസമും ഇന്ത്യയും എനിക്ക് അമ്മയെപ്പോലെയാണ്, ”അവർ പറഞ്ഞു.
പ്രകൃതിദുരന്തം കാരണം കഷ്ടപ്പെടുന്ന ജനങ്ങളുടെ വേദനയും കഷ്ടപ്പാടും പങ്കിടാൻ താൻ ആഗ്രഹിക്കുന്നതായും താൻ ചെയ്ത സഹായം അസമിലെ ജനതയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. അസം, അരുണാചൽ പ്രദേശ്, മേഘാലയ എന്നീ മൂന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും 2,50,000ത്തിലധികം ആളുകളെയാണ് ബാധിച്ചത് .