ന്യൂഡല്‍ഹി: പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പരിസ്ഥിതി മന്ത്രി. നിരോധനം ലംഘിക്കുന്നവര്‍ക്ക് ആറ് വര്‍ഷം വരെ തടവും ഒരു ലക്ഷം പിഴയും ലഭിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കി. നിരോധനം സംബന്ധിച്ച് നടപടി ക്രമങ്ങള്‍ക്കായി ജില്ലാ മജിസ്ട്രേറ്റുമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഡല്‍ഹി പൊലീസ് എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. ഉത്തരവ് ലംഘിക്കുന്നവരെ വായു മലിനീകരണ നിയന്ത്രണ നിയമത്തിന്‍ കീഴില്‍ പൊലീസ് കേസെടുക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
പാടങ്ങളില്‍ കച്ചി കത്തിക്കുന്നത് മൂലമുണ്ടാകുന്ന പുക കാരണം ഡല്‍ഹിയിലെ വായു ഗുണനിലവാരം ദീപാവലി വരെ അപകടകരമായ നിലയില്‍ തുടരുമെന്ന് വിദഗ്‌ധര്‍ പറയുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ആഴ്‌ചയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നവംബര്‍ 7 മുതല്‍ 30 വരെ പടക്കങ്ങള്‍ വില്‍ക്കുന്നതിനും പൊട്ടിക്കുന്നതിനും സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയത്. പടക്കങ്ങളുമായി ആഘോഷിക്കുന്നത് സന്തോഷത്തിനാണ് അല്ലാതെ രോഗങ്ങളും മരണങ്ങളും ആഘോഷിക്കാനല്ലെന്ന് നാഷണല്‍ ഗ്രീന്‍ ട്രബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തി കൊണ്ട് വ്യക്തമാക്കി.